ലക്‌നൗ: ബി.ജെ.പിയുടെ സമ്മേളനത്തിനിടെ വനിത അംഗങ്ങൾ നടുറോഡിൽ തമ്മിലടിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നാരീ ശക്തി വന്ദൻ സമ്മേളനത്തിനിടയിലാണ് സംഭവം. ഉത്തർ പ്രദേശിലെ ജലൗനിലാണ് സംഭവം.
പരസ്പരം മുടി പിടിച്ച് വലിക്കുകയും താഴെ തള്ളിയിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചില പുരുഷന്മാരെത്തിയും വീണ് കിടക്കുന്ന സ്ത്രീകളെ മർദിക്കുന്നത് കാണാം. തമ്മിലടിയുടെ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തിൽ ബി.ജെ.പിയെ പരിഹസിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാൻ യോഗി ആദിത്യനാഥ് ആദ്യം സ്വന്തം അണികളെ അച്ചടക്കം പഠിപ്പിക്കണമെന്ന് സമാജ്‌വാദി പാർട്ടി അഭിപ്രായപ്പെട്ടു.