Share this Article
'എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു; മലയാളിയായ കോളജ് അധ്യാപിക ജീവനൊടുക്കിയ നിലയിൽ
വെബ് ടീം
posted on 24-10-2024
1 min read
college teacher sruthy

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.

കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.വിവാഹ സമയത്ത്  കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.


എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories