കോട്ടയം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ രാത്രിയിലേക്ക് മാറ്റിവച്ചു. പുതുപ്പള്ളി പള്ളിയില്‍ രാത്രി ഏഴരയോടെയാകും അന്ത്യശുശ്രൂഷകള്‍ നടക്കുക.തന്നെ കാണാനെത്തുന്നവരെ നിരാശരായി മടക്കി അയയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ശീലമല്ലാത്തതിനാല്‍ അവസാനമായി കാണുന്നതിന്അവകാശം നിഷേധിക്കരുതെന്ന നിലപാട് കുടുംബവും പാര്‍ട്ടിയും കൈക്കൊണ്ടതോടെയാണ് ഈ തീരുമാനം.
ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകി ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിലാപയാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചത്.
പുതുപ്പള്ളിയിലെ കുടുംബവീട്ടിലും നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രി ഏഴുമണിയോടെ പള്ളിയിലേക്ക് കൊണ്ടുപോകും. കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് രാത്രിയില്‍ സംസ്കാര ചടങ്ങ് ക്രമീകരിച്ചത്. കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം അറിയിച്ചു.