ചെന്നൈ: തമിഴ് നടൻ മോഹൻ (60) മധുരയിലെ തെരുവിൽ മരിച്ച നിലയിൽ. മധുരയിലെ തിരുപ്പരൻകുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമൽഹാസന്‍റെ സൂപ്പർഹിറ്റ് ചിത്രം ‘അപൂർവ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ താരമാണ് മോഹൻ.'
ജൂലായ് 31-ന് മോഹനെ തെരുവിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഹന് രണ്ട് സഹോദരങ്ങളും മൂന്നു സഹോദരിമാരും ആണ് ഉള്ളത്.
കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്ന നടൻ ഭിക്ഷാടനം നടത്തിയാണ് ജീവിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമകളിൽ അവസരമില്ലാതാവുകയും ഭാര്യ മരിക്കുകയും ചെയ്തതോടെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചുവന്നിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പാണ് തിരുപ്പരൻകുണ്ഡ്രത്തേക്ക് താമസം മാറ്റിയത്.
80-കളിൽ ഹാസ്യവേഷങ്ങളിലൂടെ തിളങ്ങിയിരുന്ന മോഹൻ അപൂർവ്വ സഹോദരങ്ങളിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പുവിന്റെ സുഹൃത്തായിട്ടാണ് വേഷമിട്ടത്. ആര്യയെ നായകനായെത്തിയ അത്ഭുത മനിതർകൾ, ബാലയുടെ നാൻ കടവുൾ എന്നീ ചിത്രങ്ങളിലും മോഹൻ അഭിനയിച്ചിട്ടുണ്ട്.