കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദർബാർ ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരത്തെ തന്നെ ദർബാർ ഹാളിൽ എത്തിയിരുന്നു.
ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ദർബാർ ഹാളിൽ എത്തിക്കുകയായിരുന്നു.
നേരത്തെ അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്‍റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
നേരത്തെ പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന വൈദികരുടെ നേതൃത്വത്തിൽ നടത്തി. ദർബാർ ഹാളിൽ നിന്ന് കെപിസിസി ആസ്ഥാനത്തും തുടർന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.
മറ്റന്നാൾ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.
അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. തുടർന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം നൂറ് കണക്കിന് വാഹനങ്ങളുടെയും വൻ ജനാവലിയുടെയും അകമ്പടിയോടെയാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്.