ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന 7175 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
2023 രണ്ടാം പകുതിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈവര്‍ഷം 31% വര്‍ധനവാണ് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 16000ത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട കമ്പനികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേയ്‌മെന്റ് ആപ്പായ പേടിഎമ്മാണ്. 2024 ആദ്യപകുതിയിലെ കണക്കില്‍ 49 ശതമാനവും പേ ടി എമ്മില്‍ നിന്നും പുറത്തായവരാണ്.
മിച്ചം വരുന്ന 51 ശതമാനത്തില്‍ 15% ഫിള്പ്കാര്‍ട്ടില്‍ നിന്നും ഏഴ് ശതമാനം ബൈജൂസില്‍ നിന്നും പിരിച്ചുവിട്ടവരാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചട്ടങ്ങള്‍ മൂലം നേരിട്ട് പ്രതിസന്ധിയാണ് കമ്പനിയെ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് നീങ്ങാന്‍ വഴിയൊരുക്കിയത്. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ടിനെ സംബന്ധിച്ച് വര്‍ഷംതോറും നടക്കാറുള്ള ജീവനക്കാരുടെ വിലയിരുത്തല്‍ പ്രക്രിയയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
എഡ്യൂടെക്ക് സ്ഥാപനമായ ബൈജൂസ് ഏറെനാളുകളായി സാമ്പത്തിക പ്രതിസന്ധി നേരിട്ടു വരികയാണ്. ഇതിന്റെ പ്രതിഫലനം നല്ല രീതിയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിലും ഉണ്ടായിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ മികച്ച രീതിയില്‍ മുന്നേറ്റം സൃഷ്ടിച്ച ബൈജൂസ് കോവിഡിന് ശേഷം സാമ്പത്തികമായി കൂപ്പുകുത്തുകയാണുണ്ടായത്.
നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് നോയിഡയിലാണ്. തൊട്ടു പുറകെ മെട്രോ നഗരങ്ങളായ ബംഗളൂരുവും ഡല്‍ഹിയും ഉണ്ട്. അതേസമയം ആഗോളതലത്തില്‍ തൊഴില്‍ പിരിച്ചുവിടല്‍ പ്രതിസന്ധി കുറയുന്നതാണ് കാണപ്പെട്ടത്. യുസില്‍ 2023ന്റെ ആദ്യപകുതിയെക്കാള്‍ 50 ശതമാനത്തില്‍ താഴെയാണ് 2024ല്‍ ഇതുവരെയുള്ള കണക്കുകള്‍.