Share this Article
14 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്ത്യ’ മുന്നണി; സുധീർ ചൗധരി മുതൽ അർണബ് വരെ; പട്ടിക പുറത്ത്
വെബ് ടീം
posted on 14-09-2023
1 min read
INDIA ALLIANCE BOYCOTT 14 NEWS ANCHORS

ന്യൂഡൽഹി: ഒരു വിഭാഗം ചാനലുകളെയും വാർത്ത അവതാരകരെയും  ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. 14 അവതാരകരുടെയും ചാനലുകളുടെയും പട്ടിക പാർട്ടി പുറത്തുവിട്ടു. ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് ബഹിഷ്കരണ തീരുമാനത്തിലെ വിശദീകരണം. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു.

വാർത്ത അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്ന് ഇന്ത്യ മുന്നണി വിലയിരുത്തി. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്. ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി.

പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടത്തുന്നതായും മുന്നണി നിരീക്ഷിച്ചു. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അധിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റ് അവതാരകര്‍.

ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്കരിക്കും. ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ പട്ടിക പങ്കുവെച്ചിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സീറ്റുവിഭജന പ്രക്രിയക്ക് തുടക്കമിടാനും ജാതി സെൻസസ് തുറുപ്പുശീട്ടാക്കാനും ഡൽഹിയിൽ ചേർന്ന സഖ്യത്തിന്‍റെ പ്രഥമ ഏകോപന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories