കാസർകോട്: സംസ്ഥാനത്ത് പനി ബാധിച്ച് യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടർന്ന് കാസർകോട് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാൽ പനി കുറഞ്ഞില്ല. ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അശ്വതിക്കും ശ്രീജിത്തിനും ആറ് വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംചാൽ സ്വദേശിയാണ് ടിടിസി വിദ്യാർത്ഥിയായിരുന്ന അശ്വതി. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഒടയംചാലിലെത്തിക്കും. സംസ്കാരം ഇവിടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.