കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് ഹാരം അണിയിച്ച് സ്വീകരണം നൽകാനുളള നീക്കവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ യുവതി നൽകിയ വ്യാജ പരാതിയാണ് ഇതെന്നാണ് അസോസിയേഷന്റെ പ്രധാന വാദം. യുവതിയുടെ പരാതി കളളപ്പരാതിയാണെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ ഡിജിപിക്ക് പരാതിയും നൽകി.
വീഡിയോയിൽ സവാദ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ലെന്നാണ് വാദം. പരാതി നൽകിയ യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സവാദിന് നീതി ലഭിക്കും വരെ പോരാടുമെന്നും അജിത് കുമാർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പരാതി നൽകിയ ശേഷം തനിക്ക് ഒരുപാട് ഭീഷണി കോളുകൾ വരുന്നുണ്ട്. ആലുവ സബ് ജയിലിൽ കഴിയുന്ന സവാദ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനാകാൻ ഇരിക്കെയാണ് ഇത്തരമൊരു ഇടപെടൽ.കേരളത്തിൽ നല്ലവരായ വലിയൊരു വിഭാഗം പുരുഷൻമാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്നും അത് മുതലെടുത്താണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അജിത് കുമാർ ആരോപിച്ചു. സാധാരണഗതിയിൽ ഞെട്ടലോടെയും വേദനയോടെയുമാകും പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ പറയുക എന്നാൽ ഈ പെൺകുട്ടി തന്റെ ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നതെന്നും തെളിവില്ലാത്തതിനാലാണ് സവാദിന് ഇത്രയും ദിവസം ജയിലിൽ കിടക്കേണ്ടി വന്നതെന്നും പറഞ്ഞുകൊണ്ടാണ് സ്വീകരണത്തിന്റെ കാര്യം പറയുന്നത്.
സവാദ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഒരു പക്ഷെ ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടാകും. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ തന്നെ ഹാരമണിയിച്ച് സ്വീകരിക്കുമെന്നും അജിത് കുമാർ പറയുന്നു. സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കാണുന്ന സവാദിന്റെ മനസിൽ മാറ്റമുണ്ടാകണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത ഉണ്ടാകുമെന്നും അജിത് കുമാർ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മോഡൽ കൂടിയായ യുവതിക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് യുവതിക്ക് സമീപം ഇരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് വണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടെങ്കിലും സവാദ് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ബസിലെ ഡ്രൈവറും കണ്ടക്ടറും പിന്നാലെ ഓടി ഇയാളെ പിടിക്കുകയായിരുന്നു.
ഇതിന്റെയെല്ലാം ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ സ്ഥിരം സാന്നിദ്ധ്യവുമാണ്. യുവതിയുടെ പരാതി പ്രചരിച്ചതോടെ ഇതേ റൂട്ടിൽ സഞ്ചരിക്കുമ്പോൾ ഇയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി കൂടുതൽ സ്ത്രീകൾ രംഗത്തെത്തുകയും ചെയ്തു.