ജയ്‌പൂർ: ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം പത്തൊമ്പതുകാരിയ്ക്ക്. ഗുജറാത്തിന്റെ റിയ സിന്‍ഹയാണ് ഒന്നാമതെത്തിയത്. രാജസ്ഥാനിലെ ജയ്പുരില്‍ നടന്ന സൗന്ദര്യ മത്സരത്തിലാണ് പത്തൊമ്പതുകാരിയായ റിയ ഒന്നാമതെത്തിയത്. 2015-ലെ മിസ് യൂണിവേഴ്‌സ് ആയ ഉര്‍വശി റൗട്ടേലയാണ് റിയയെ കിരീടം അണിയിച്ചത്.
'എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഈ കിരീടത്തിലെത്താന്‍ ഒരുപാട് കഠിനധ്വാനം ചെയ്തിട്ടുണ്ട്. മുന്‍ ജേതാക്കളാണ് എന്റെ വിജയത്തിന്റെ പ്രചോദനം'-മത്സരശേഷം റിയ പ്രതികരിച്ചു. പ്രഞ്ജല്‍ പ്രിയയാണ് ഫസ്റ്റ് റണ്ണറപ്പ്. ഝാവി വെര്‍ജ് സെക്കന്റ് റണ്ണറപ്പായി.
നടിയും മോഡലുമായ ഉര്‍വശി റൗട്ടേല, മിസ് യൂണിവേഴ്‌സ് ഇന്ത്യ ഡയറക്ടര്‍ നിഖില്‍ ആനന്ദ്, വിയറ്റ്‌നാം താരം നൂയെന്‍ ക്യുന്‍ഹ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റിയാന്‍ ഫെര്‍ണാണ്ടസ്, സംരഭകന്‍ രാജീവ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.