ന്യൂഡല്‍ഹി:അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത് മനസിലാകും. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. അത് മിത്താണെന്ന് പറയേണ്ട കാര്യം എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു. ഗണപതി മിത്താണെന്ന് ഷംസീറും താനും പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ കള്ളപ്രചാര വേല നടത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ഗത്തില്‍ ഹൂറികളുണ്ടെന്നത് ഹൂറികളുണ്ടെന്നത് മിത്താണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; സ്വര്‍ഗം ഉണ്ടെങ്കിലല്ലേ സ്വര്‍ഗത്തിലെ മറ്റുള്ളവരെ പറ്റി പറയേണ്ടതുള്ളു. നരകവും സ്വര്‍ഗവും ഉണ്ടെങ്കില്‍ അല്ലേ തനിക്ക് അത് വിശദീകരിക്കേണ്ടതുള്ളു. അത് തനിക്ക് ബാധകമല്ല.
നാമജപയാത്രയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; നാമജപം നടത്തിയാലും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കുമെന്നത് പൊലീസിന്റെ നിയമപരമായ സമീപനമാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യം സിപിഎമ്മിന് ഇല്ല. വിശ്വാസികളായ ആളുകള്‍ ഗണപതിയെ വിശ്വസിക്കുന്നു. അളളാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായി അവര്‍ വിശ്വസിക്കുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. തെറ്റായ കള്ളപ്രചാരണ വേല നടത്തുകയാണ്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കും. അവരുടെ വര്‍ഗീയനിലപാടുകള്‍ തുറന്നുകാണിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരേ അഭിപ്രായമാണ് കഴിഞ്ഞ കുറെക്കാലമായി പറയുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന അസംബന്ധ പ്രചാരവേല കുറെക്കാലമായി സതീശന്‍ പറയുന്ന ഒന്നാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വാതിലുകള്‍ തുറക്കപ്പെടട്ടെ വിചാരധാരകള്‍ പ്രവേശിക്കട്ടെ എന്നദ്ദേഹം പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് പറഞ്ഞ് തടിതപ്പുകയാണ്. അദ്ദേഹത്തിന്റെ മനസിന്റെയുള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട വര്‍ഗീയ നിലപാടകുള്‍ കയറി വരുന്നു എന്നതാണ് സമീപകാല പരാമര്‍ശങ്ങശളില്‍ നിന്ന് മനസിലാകുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
തികഞ്ഞ വര്‍ഗീയസമീപനം സുരേന്ദ്രന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പൊന്നാനിയില്‍ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവര്‍ഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി പലവേദികളും ഇക്കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കുന്ന വേദികളൊന്നും അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ പറ്റില്ല. സുരേന്ദ്രന്‍ വിശ്വാസിയല്ല. അത് ശബരിമലയില്‍ ഇരുമുടിക്കെട്ട് താഴേക്ക് എറിഞ്ഞപ്പോള്‍ താന്‍ പറഞ്ഞിട്ടുണ്ട്. ഒരു വര്‍ഗീയ വാദിക്കും വിശ്വാസമില്ല. വര്‍ഗീയവാദി വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു. കപടവിശ്വാസത്തിന്റെ പേര് പറഞ്ഞ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ഇവരോടല്ല തങ്ങളുടെ കൂറ് പകരം യഥാര്‍ഥ വിശ്വാസികളോടാണെന്നും ഗോവിന്ദന്‍ പറഞ്ഞു.