തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. അടുത്ത് അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പില്‍ നാലു ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളില്‍ ശനിയും ഞായറും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍,ഗായത്രി എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ജലനിരപ്പ് അപകടരമായി തുടരുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍, ഗായത്രി, കീച്ചേരി നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.