തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുളസി, പിച്ചി പൂവുകൾ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതൽ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായി. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.
ക്ഷേത്രങ്ങളിൽ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു. ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തിരുന്നു.