നോയിഡ: ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ വാനില മാജിക് ഫാമിലി പായ്ക്ക് ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കണ്ടെത്തി. ഉത്തർ പ്രദേശ് നോയിഡയിൽ ദീപ എന്ന യുവതിക്കാണ് ഈ അനുഭവം ഉണ്ടായത്. സംഭവത്തിൻ്റെ വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 12ൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മാംഗോ ഷെയ്ക് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ ബ്ലിങ്കിറ്റ് ആപ്പിൽ നിന്ന് 195 രൂപയുടെ അമുൽ വാനില മാജികിൻ്റെ ഫാമിലി പാക്ക് ഐസ്ക്രീമാണ് ഓർഡർ ചെയ്തതെന്ന് യുവതി പറയുന്നു. ഐസ്ക്രീമിൻ്റെ ബോക്സ് തുറന്നപ്പോൾ മൂടിയിലാണ് പഴുതാരയെ കണ്ടത്. സംഭവം കണ്ട് ഞെട്ടിപ്പോയതായി യുവതി വീഡിയോയിൽ പറഞ്ഞു.സംഭവത്തിന് പിന്നാലെ യുവതി ഐസ്ക്രീം ഓർഡർ ചെയ്ത ആപ്പിൽ പരാതി നൽകി. തുടർന്ന് ബ്ലിങ്കിറ്റ് ഐസ്ക്രീമിൻ്റെ പണം തിരികെ നൽകി. ദീപയുടെ പരാതിയെ തുടർന്ന് അമുലിനെ വിവരം അറിയിച്ചതായി കസ്റ്റമർ കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. 'അമുൽ എന്നെ സമീപിച്ചു, അവരുടെ ഉദ്യോഗസ്ഥർ ഞായറാഴ്ച രാവിലെ എൻ്റെ വീട് സന്ദർശിക്കുമെന്ന് പറഞ്ഞു. ബ്ലിങ്കിറ്റ് ക്ഷമാപണം നടത്തുകയും ഐസ്ക്രീമിൻ്റെ വില തിരികെ നൽകുകയും ചെയ്തു,' യുവതി പറഞ്ഞു.ദീപ പരാതി നൽകിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ഐസ്ക്രീം ബ്രാൻഡ്, ഇ-കൊമേഴ്‌സ് ആപ്പ്, ഉൽപ്പന്നം ഓർഡർ ചെയ്ത സ്റ്റോർ മാനേജർ എന്നിവർക്കെതിരെ കേസെടുത്തതായി നോയിഡ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ അക്ഷയ് ഗോയൽ പറഞ്ഞു.
'വിഷയം ഞങ്ങൾ അന്വേഷിച്ചു. 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കേസെടുത്തു. ബ്ലിക്കിറ്റ് സ്റ്റോറിൽ നിന്ന് അതേ ഐസ്ക്രീം ബാച്ചിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയയ്ക്കും. ഫലങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കും', ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഐസ്ക്രീമിന്റെ യുവതി പങ്കുവച്ച വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം