പത്തനംതിട്ട∙ കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്.നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി.അഫ്‌സാന താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടകവീടിന്റെ പരിസരത്ത് അഞ്ചുമണിക്കൂറോളം പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചുമണിക്കൂറിനിടെ അഞ്ചുതവണ ഇവര്‍ മൊഴി മാറ്റിപ്പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.