തിരുവനന്തപുരം: ചിരിയിലൂടെ നാട്ടുകാരെ കീഴടക്കിയ അവരുടെ പ്രിയപ്പെട്ട പുഞ്ചിരി അമ്മച്ചിയുടെ വേർപാട് നാടിനു നൊമ്പരമായി. കാരോട് അമ്പിലിക്കോണം അയിര പറമ്പിൻതോട്ടം വീട്ടിൽ പങ്കജാക്ഷി (പുഞ്ചിരി അമ്മച്ചി 93) യാണ് മരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. നാട്ടിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ പുഞ്ചിരി അമ്മച്ചി പ്രിയപ്പെട്ട ആളായിരുന്നു. രണ്ട് വർഷം മുൻപ് വീഴ്ച്ചയിൽ പരിക്കേറ്റു വീടിന്റെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ ചിരി കാണാൻ വേണ്ടി മാത്രം നാട്ടുകാർ വൈകീട്ട് വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. ചിരിച്ചു കൊണ്ടു മാത്രമേ പങ്കജാക്ഷി ഏതു കാര്യവും പറയു. ദൈവത്തിന്റെ ഇഷ്ടമാണ് ചിരിയായി മുഖത്തു വരുന്നതെന്നും അതാണ് അതിന്റെ രഹസ്യമെന്നും പങ്കജാക്ഷി പറഞ്ഞിരുന്നു. ആരെ കണ്ടാലും അവർ സമൃദ്ധമായി ചിരിച്ചു വിശേഷങ്ങൾ ചോദിക്കും. വിഷമങ്ങൾക്കെല്ലാം അവധി നൽകി നാട്ടിൽ പലരും പങ്കജാക്ഷിയുടെ ചിരിക്കൊപ്പം ചേരും.
പങ്കജാക്ഷിയുടെ ഭർത്താവ് യോവോസ് വർഷങ്ങൾക്കു മുൻപ് മരിച്ചു. ഭർത്താവ് മരിച്ച ശേഷം ഏറെ കഷ്ടപ്പെട്ടാണ് അവർ മക്കളെ വർത്തിയത്. പുളി വിറ്റും ഓല മെടഞ്ഞ് വിറ്റുമൊക്കെയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പിന്നീട് ദേവാലയത്തിൽ ശുചീകരണ ജോലികളും ചെയ്തു.
മക്കൾ: വിൻസെന്റ്, സൗന്ദർരാഡ്, മേരി, ശകുന്തള, വസന്ത. മരുമക്കൾ: സുമതി, റാണി, ജപമണി, ഏലിയാസ്, മോഹനൻ.