Share this Article
ചേലക്കരയിൽ സമയം കഴിഞ്ഞും നീണ്ട ക്യൂ, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു; ഇരു മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വിധിയെഴുതി
വെബ് ടീം
posted on 13-11-2024
1 min read
VOTING

കല്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും വോട്ടര്‍മാര്‍ വിധിയെഴുതി. ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു.  വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്.

സമയം കഴിഞ്ഞുവന്നവര്‍ക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകില്ല. അതേ സമയം ക്യൂവിൽ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നൽകിയിട്ടുണ്ട്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല.  വൈകിട്ട് 7.10വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച്  വയനാട്ടിൽ 64.69 ശതമാനമാണ് പോളിങ്.  

ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.54 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയിൽ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം  മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാൽ, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356  വോട്ടുകളാണ് ചേലക്കരയിൽ ഇത്തവണ പോള്‍ ചെയ്തത്.  

ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ  മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടിൽ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താൻ ബത്തേരി വാകേരി എച്ച്എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories