ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും വ്യാപകനഷ്ടം. ഗുജറാത്തിന്റെ തീരമേഖലകളിലും സൗരാഷ്ട്ര കച്ച് മേഖലയിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്.
ജൂൺ ആറിനാണ് അറബിക്കടലിൽ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് വടക്ക് കിഴക്കോട്ട് നീങ്ങി സൗരാഷ്ട്ര, കച്ച്, പാകിസ്ഥാൻ തീരങ്ങളിൽ മാണ്ട്വി (ഗുജറാത്ത്), കറാച്ചി (പാകിസ്ഥാൻ) എന്നിവയ്‌ക്ക് ഇടയിൽ ജഗ്‌കൗ തുറമുഖത്തിന് സമീപം കരയിൽ തൊട്ടു.
മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങിയത്. ചില സമയങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചു.
കൊടുങ്കാറ്റിനെ തുടർന്ന് കച്ച്, ദേവഭൂമി, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്‌കോട്ട്, ജുനഗർ, മോർബി ജില്ലകളിലാണ് കനത്ത മഴ പെയ്തത്. പരമാവധി 20 സെന്റീമീറ്റർ മഴ ചിലയിടങ്ങളിൽ പെയ്തതായാണ് റിപ്പോർട്ട്. തീരദേശ ജില്ലകളിലെ ഒരു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ കടപുഴകി.
ദേശീയ ദുരന്തനിവാരണ സേനയും അതിർത്തി രക്ഷാ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചുഴലിക്കാറ്റിനെർ നേരിടാൻ സജ്ജരായിരുന്നു. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്.