കൊച്ചി: മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥി നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ആൻസൺ റോയിക്കെതിരെ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.
ബുധനാഴ്ച്ചയാണ് കോളെജിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബികോം അവസാന വർഷ വിദ്യാർഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാർഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്.
ബൈക്ക് ഓടിച്ചിരുന്ന ആന്‍സൺ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആരോപിച്ചിരുന്നു.