ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടുണ്ട്.
എം എസ് സൊല്യൂഷൻ സി ഇ ഓ ഷുഹൈബ് ഉളിവിൽ പോയതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മറ്റ് സ്ഥാപനങ്ങളെ അവഗണിച്ച് എംഎസ് സൊല്യൂഷ്യൻസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നതെന്ന് കാണിച്ചാണ് ഷുഹൈബ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സ്ഥാപനത്തിന്റെ സി ഇ ഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു.ചോദ്യ പേപ്പർ ചോർച്ചയിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.