നടൻ കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പെട്ടു ഗുരുതരമായി പരിക്കേറ്റ മിമിക്രി കലാകാരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്റെ ചികിത്സ പുരോഗമിക്കുമ്പോൾ ഒരു ആശ്വാസ വാർത്ത കൂടി വരുന്നു. താന്‍ സുഖം പ്രാപിച്ച് വരുന്ന വിവരം മഹേഷ് തന്നെയാണ് ഒരു വീഡിയോയിലൂടെ പങ്കുവച്ചത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകള്‍ക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.മുഖത്തെ പരിക്കുകള്‍ക്കായി ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
”എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ്. എല്ലാവര്‍ക്കും അറിയാം മിമിക്രിയാണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്.”
”നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്” എന്നാണ് മഹേഷ് കുഞ്ഞുമോന്‍ പറയുന്നത്.
ശബ്ദാനുകരണങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോയിലൂടെയാണ് മഹേഷ് ശ്രദ്ധേയനാകുന്നത്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് മഹേഷ് ശബ്ദം നല്‍കിയിരുന്നു.