എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. എക്സലോജിക് കൺസൽറ്റിങ് മീഡിയ സിറ്റി എന്ന പേരിലാണ് അബുദാബിയിലെ അക്കൗണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എന്തിന് വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.
സിഎംആർഎൽ എക്‌സാലോജിക് സൊല്യൂഷൻസ് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണം. അബുദാബിയിലെ അക്കൗണ്ടിലേക്ക് പണം നൽകിയിരിക്കുന്നത് ലാവലിൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്നീ സംശയത്തിലുള്ള കമ്പനികളാണ്.
കരിമണൽ കടത്തും മാസപ്പടിയുമായും ബന്ധപ്പെട്ട പണം ഇതിൽ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. അക്കൗണ്ടിലെ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പോയത് എന്നും ഷോൺ ആരോപിച്ചു. അതിനാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളും അന്വേഷണ പരിധിയിൽ വരണം എന്നും ഷോൺ ആവശ്യപ്പെട്ടു.
വിദേശ പണം ഇടപാടിനെ കുറിച്ചും അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണം. ഇന്ത്യൻ പൗരന് വിദേശത്ത് അക്കൗണ്ട് ഉണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ കാണിക്കണം . അത് നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. കോടതിയിൽ നൽകിയ ഉപഹർജിയിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും.