ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 മുത്തമിട്ടു. വൈകീട്ട് 6.04-ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ. ഒപ്പം, ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.
വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് വെർച്വലായി കണ്ടു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും.ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്. ഇന്ത്യയ്ക്കൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയിൽ തകർന്ന് വീണത് ദിവസങ്ങൾക്ക് മുമ്പാണ്. അവിടെയാണ് ഇന്ത്യ ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്.