Share this Article
image
സേനയ്ക്ക് നാണക്കേടെന്ന് റിപ്പോർട്ട്; എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ
വെബ് ടീം
posted on 02-09-2024
1 min read
SP SUJITH DAS

തിരുവനന്തപുരം∙ പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്.സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.  

പി.വി.അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്. 

‘‘എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25–ാം വയസ്സിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാൽ എന്നും കടപ്പെട്ടവനായിരിക്കും’’– എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിനു പി.വി.അൻവറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

ഇന്നലെ പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories