കൊച്ചി: ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.
ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കഴിഞ്ഞമാസം 26ന് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിർദേശപ്രകാരം ഇയാൾ കൊച്ചിയിലെത്തി.
സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.