പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ താല്പര്യക്കുറവ് അറിയിച്ച് സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും.
ഇതോടെ ആനി രാജക്ക് പകരം മറ്റ് സ്ഥാനാർത്ഥികളെ കുറിച്ചുള്ള ആലോചനകളിലേക്ക് സിപിഐ കടന്നിട്ടുണ്ട്. കെ.സുരേന്ദ്രൻ താല്പര്യക്കുറവ് അറിയിച്ചെങ്കിലും അദ്ദേഹത്തെ തന്നെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യം ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.
കോൺഗ്രസിന്റെ അടിയുറച്ച മണ്ഡലമായ വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ കരുത്തുറ്റ സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കിയതിന്റെ മുൻതൂക്കം പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് എതിർചേരിയിൽ ആരെ സ്ഥാനാർത്ഥിയാക്കും എന്നത് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ആനി രാജയും എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രനും വീണ്ടും വയനാട് മത്സരിക്കുന്നതിൽ താല്പര്യക്കുറവ് അതാത് പാർട്ടി നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ തുടക്കത്തിൽ തന്നെ പരസ്യമായി സ്വാഗതം ചെയ്ത ആനി രാജ ഒരു വനിതാ എംപി ഉണ്ടാകുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിക്കെതിരെ സംസ്ഥാന തലത്തിലുള്ള ജനസ്വാധീനമുള്ള നേതാക്കൾക്ക് അവസരം നൽകണമെന്നാണ് അവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതേ തുടർന്ന് സത്യൻ മൊകേരിയുടെ പേരാണ് പ്രാഥമികഘട്ടത്തിൽ സിപിഐ അനൗപചാരികമായി പരിഗണിക്കുന്നത്. വനിതാ പ്രാതിനിധ്യം തന്നെ വരട്ടെ എന്ന ചർച്ച ഉണ്ടായാൽ ഒരിക്കൽ കൂടി മത്സരിക്കാൻ ആനി രാജയിൽ സമ്മർദ്ദം ചെലുത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.
അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചെങ്കിലും വീണ്ടും വയനാട് മത്സരിച്ച് തോൽവി നേരിടാൻ ഇല്ല എന്നാണ് കെ.സുരേന്ദ്രൻ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുള്ളതെന്ന് ബിജെപി വൃത്തങ്ങളും അറിയിക്കുന്നു. സംഘടനാ പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
എങ്കിലും കെ സുരേന്ദ്രൻ ഒരിക്കൽ കൂടി മത്സരിക്കട്ടെ എന്ന ആലോചനകൾക്കാണ് പ്രാഥമികഘട്ടത്തിൽ മുൻതൂക്കം ഉള്ളത്. വനിത സ്ഥാനാർത്ഥി എന്ന കാര്യം പരിഗണിച്ചാൽ പത്മജ വേണുഗോപാലിനോ ന്യൂനപക്ഷ മുഖം എന്ന പരിഗണന നൽകിയാൽ ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കോ നറുക്ക് വീഴാം.
സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെ പേര് ചർച്ചകളിൽ ഉണ്ടെങ്കിലും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അവരെ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കണമെന്നാണ് ബിജെപി തലത്തിലെ ചർച്ച നടക്കുന്നത്. എന്തായാലും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നുള്ളതാണ് ഇടത് മുന്നണിയുടെയും എൻ.ഡി.എയുടെയും നേതൃത്വങ്ങൾ വ്യക്തമാക്കുന്നത്.