കൊച്ചി :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥനാണ് റാഗിങ്ങിന് പിന്നാലെ മരിച്ചത്.
പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം.