തൊടുപുഴ കൈവെട്ട് കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചു.എൻഐഎ ജഡ്ജി അനിൽ ഭാസ്‍കറാണ് വിധി പ്രസ്താവിച്ചത്.തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാസർ, സജിൽ, നജീബ് എന്നിവർക്കാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. നൗഷാദിനും മൊയ്തീൻ കുഞ്ഞിനും മൂന്നു വർഷം വീതം തടവും വിധിച്ചു.
മുവാറ്റുപുഴ രണ്ടാർക്കര സജിൽ (36), ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസർ (48), കടുങ്ങല്ലൂർ ഉളിയന്നൂർ കെ.എ.നജീബ് (42), ആലുവ കടുങ്ങല്ലൂർ എം.കെ.നൗഷാദ് (48), ആലുവ കുഞ്ഞുണ്ണിക്കര പി.പി.മൊയ്തീൻ കുഞ്ഞ് (60), തായിക്കാട്ടുകര പി.എം.അയൂബ് (48) എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാം ഘട്ട വിചാരണ നേരിട്ട 11 പ്രതികളിൽ 6 പേർ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 5 പ്രതികളെ വിട്ടയച്ചു.
കേസിൽ ആദ്യം അറസ്റ്റിലായ 31 പ്രതികളുടെ വിചാരണ 2015 മേയിൽ പൂർത്തിയാക്കി 13 പ്രതികളെ ശിക്ഷിച്ചിരുന്നു. അതിനു ശേഷം അറസ്റ്റിലാവുകയും കീഴടങ്ങുകയും ചെയ്ത 11 പ്രതികളുടെ വിചാരണയാണ് ഇന്നലെ പൂർത്തിയാക്കിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്.