തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട്കാണാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് റിപ്പോര്‍ട്ട് കാണാതെ മറുപടി പറയാനാവില്ല. സിബിഐ നിരീക്ഷണങ്ങള്‍ ഊഹിച്ചെടുത്താണ് പ്രതിപക്ഷം അടിയന്തരപ്രമേയവുമായി വന്നതെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു'.വിചിത്രമായ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം ദിവസം ഏതോ ദല്ലാളിനെ വിളിച്ചുവരുത്തി പരാതി സ്വീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. ദല്ലാളിനെ അവിടെ ഇരിക്കുന്നവര്‍ക്ക് നന്നായി അറിയാം. സതീശനും വിജയനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേയുണ്ട്. ഈ ദല്ലാള്‍ എന്ന് പറയുന്നയാള്‍ എന്റെയടുത്ത് വന്നപ്പോള്‍ നിങ്ങള്‍ ഇറങ്ങിപ്പോകണം എന്നു പറഞ്ഞയാളാണ് ഞാന്‍. കേരള ഹൗസില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് അയാള്‍ എന്റെയടുത്ത് വന്നത്. അപ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അത് സതീശന്‍ പറയുമോ എന്നറിയില്ല. അത് പറയാന്‍ വിജയന് മടിയില്ല.'- അദ്ദേഹം പറഞ്ഞു.
'അതിനുശേഷം എത്രയോ വര്‍ഷമായി. ആ ദല്ലാള്‍ ഞാന്‍ ഈസ്ഥാനത്ത് എത്തിയപ്പോള്‍ എന്റടുത്ത് വന്നു എന്നു പറയുന്നത് നിങ്ങളുടെ ആവശ്യത്തിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കഥയാണ്. എന്റടുത്ത് വരാനുള്ള മാനസികാവസ്ഥ അയാള്‍ക്കുണ്ടാവില്ല.'- മുഖ്യമന്ത്രി പറഞ്ഞു.
'2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ 12-1-21നാണ് പരാതി എന്റടുത്ത് വരുന്നത്. 15-1-21ല്‍ നിയമോപദേശം തേടി. അതുമായി ബന്ധപ്പെട്ട് ഞാനെന്തോ പ്രത്യേക താത്പര്യത്തോടെ പരാതി എഴുതിവാങ്ങാന്‍ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അതല്ല എന്നാണ് ഇതോടെ വ്യക്തമായത്. സര്‍ക്കാര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വന്ന പരാതിയിന്‍മേല്‍ നിയമനടപടി സ്വീകരിക്കുമാത്രമാണ് ചെയ്തത്.
സോളാര്‍ തട്ടിപ്പ് കേസുകള്‍ യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും സ്വാധീനം തുറന്നുകാണിച്ചവയാണ്. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന പദ്ധതിയാണ് കോടികളുടെ അഴിമതിയിലൂടെ തട്ടിയെടുത്തത്. ഇത് യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയത്.
സോളാര്‍ കേസില്‍ 2013 ജൂണ്‍ 6നാണ് പെരുമ്പാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് 2013 ജൂണ്‍ മൂന്നിനാണ്. ജൂണ്‍ 17ന് മറ്റൊരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 33 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തത്. 28 ഒക്ടോബര്‍ 2013ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 2016 സെപ്റ്റംബര്‍ 26നാണ് റിപ്പോര്‍ട്ട് വരുന്നത്. പരാതിക്കാരി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും 15 രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെയും ആരോപണം ഉന്നയിച്ചു.
2018 ഒക്ടോബര്‍ 1 നാണ് പരാതിക്കാരി പീഡനം ആരോപിച്ച് സൗത്ത് സോണ്‍ എഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടന്നുവരുന്ന ഘട്ടത്തിലാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12-1-2021ല്‍ പരാതിക്കാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നിയമോപദേശം തേടിയ ശേഷമാണ് സിബിഐയെ ഏല്‍പ്പിക്കാന്‍ 23-1-2023ന് തീരുമാനം എടുക്കുന്നത്.
തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രസ്തുത കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ 26-12-22ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. സിബിഐ പറയുന്നതായി മാധ്യമങ്ങള്‍ പറയുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭ്യമായിട്ടില്ല. അതുകൊണ്ട് അതില്‍പ്പറയുന്ന കാര്യങ്ങളില്‍ അഭ്രിപായം പറയാന്‍ സര്‍ക്കാരിന് നിര്‍വാഹമില്ല. റിപ്പോര്‍ട്ടിലെ ചില നിരീക്ഷണങ്ങള്‍ എന്താണെന്ന് ഊഹിച്ചെടുത്ത് അതിന്‍മേല്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അതില്‍ ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്.'- മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ബിസിനസ് നടത്താനോ കരാറില്‍ ഏര്‍പ്പെടാനോ
പാടില്ലെന്ന് നിയമമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ മാത്യുകുഴല്‍ നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് മാത്യു കുഴല്‍ നാടന്‍ ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണമെന്ന് പിണറായി പറഞ്ഞു.
ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും ഒരു പൊതുസേവകന്‍ എന്തെങ്കിലും ഒരു വഴിവിട്ട സഹായം ചെയ്യുകയോ, നിയമപരമായി നിറവേറ്റേണ്ട ഒരു ബാധ്യതയില്‍ വീഴ്ചവരുത്തുകയോ ചെയ്തതായി ഒരു ചുണ്ടനക്കം പരിശോധന നടത്തിയ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലോ ഇന്ററിം സെറ്റില്‍മെന്റ് ഓര്‍ഡറിലോ ഉള്ളതായി പറയാന്‍ കഴിയുമോയോന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം പത്രമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്. കെഎസ് ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചരണം. കെഎസ്‌ഐഡിസിക്ക് സി എംആര്‍എല്ലില്‍ മാത്രമല്ല നാല്‍പ്പതോളം കമ്പനികളില്‍ ഓഹരിയുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991 ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സിഎംആര്‍എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെഎസ്‌ഐഡിസിക്ക് യാതൊരു പങ്കുമില്ല എന്നതും ഇവിടെ കാണേണ്ടതുണ്ട്.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാല്‍ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഇതും ഇവിടെ പ്രസക്തമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തിയായി നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.