സമ്പ്രദായിക വിദ്യാഭ്യാസ രീതി മാറ്റിയെടുക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിദ്യാർത്ഥി കേന്ദ്രീകൃതമായ പരിഷ്കരണമാണ് ആവശ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങൾ ഇന്നുണ്ട്. പുതിയ തലമുറ തന്നെ നമുക്ക് അധ്യാപകരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
കോഴിക്കോട് തളി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ഹാളിൽ ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെകിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സിവിൽ സർവീസ് പരിശീലനം, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ നേടുന്നതിനും ആധുനിക സാങ്കേതികവിദ്യകളിലും ഉള്ള പരിശീലനം, ഇന്ത്യയിലെയും വിദേശത്തേയും സർവ്വകലാശാലകളിലേക്ക് പ്രവേശനം നേടാനുള്ള പരിശീലനം, വിദേശ ഭാഷ പരിശീലനം തുടങ്ങിയവയാണ് സ്പെകിൻ്റെ ഭാഗമായി നൽകുന്നത്.
സിവിൽ സർവീസ് റാങ്ക് ജേതാവ് എ.കെ.ശാരികയെ ചടങ്ങിൽ അനുമോദിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി തുടങ്ങിയവരും സംബന്ധിച്ചു.