കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി വിശദമായി രേഖപ്പെടുത്തും.പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് അനുമതി തേടും.
തൃശൂർ ബിജെപി ഓഫിസിൽ കള്ളപ്പണം സൂക്ഷിച്ചെന്ന് മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ വെളിപ്പെടുത്തല്‍ വെട്ടിലാക്കിയത് ബിജെപി നേതൃത്വത്തെയാണ് . എല്ലാ സത്യങ്ങളും തുറന്നു പറയുമെന്ന് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞിരിക്കുകയാണ്. പണം കൈകാര്യം ചെയ്തതിന്‍റെ രേഖകള്‍ കൈവശമുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് മുന്‍ ജില്ലാ ട്രഷററാണ്. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു. സി.ബി.ഐയെ വിളിക്കാനുള്ള വെല്ലുവിളി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു.
അതേ സമയം കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ച് കേസ് ഒതുക്കി തീര്‍ത്തു. ഇതിന് പകരമായാണ് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതെന്നും വി.ഡി സതീശന്‍ പാലക്കാട് പറഞ്ഞു