ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍ ആറുപേരെ വെടിവച്ചുകൊന്നു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.ഫത്തേപൂരിനടുത്തുള്ള രുദ്രപൂര്‍ ഗ്രാമത്തിലാണ് സംഭവം.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഈ കുടുംബങ്ങള്‍ തമ്മില്‍ ഭൂമിത്തര്‍ക്കമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമാരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ വെടിവയ്പിലേക്ക് നീങ്ങുകയും ആക്രമണത്തില്‍ ആറ് പേര്‍ മരിക്കുകയും ചെയ്തു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും കൂടുതല്‍ സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.