Share this Article
സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; പെൺകുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ കസ്റ്റഡിയിൽ
വെബ് ടീം
posted on 30-11-2023
1 min read
Police examined room of father of Kollam girl and took phone of him in custody

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 

കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കി. രേഖാ ചിത്രം കൊല്ലം എസിപി ഇന്നുതന്നെ കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിന് കൈമാറി

അതേസമയം,  അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റില്‍ പരിശോധന  നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പരിശോധന. ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.  നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്.

അതിനിടെ, കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടെത്തിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷന്‍ ക്ളാസിലേക്ക് പോകുകയായിരുന്ന അബിഗേലിനെ തിങ്കളാഴ്ച വൈകീട്ടാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories