ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്‌ബേയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്‌ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
ഹമാസിന്റെ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്‌സ്, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത് റുക്‌ബേ ആണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസുത്രണം ചെയ്തു നടപ്പാക്കുന്നതില്‍ റുക്‌ബേ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്.
റുക്‌ബേയ്ക്കു മുമ്പായി ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന മുറാദ് അബു മുറാദിനെ വധിച്ചതായി കഴിഞ്ഞ പതിനാലിന് ഇസ്രയേലി സേന അറിയിച്ചിരുന്നു.