Share this Article
പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയെന്ന് പരാതി; കർണാടക പൊലീസ് കൊച്ചിയിൽ പിടിയിൽ; 16ന് ഹാജരാവാന്‍ നോട്ടീസ്
വെബ് ടീം
posted on 03-08-2023
1 min read
karnataka police staff in custody of kerala police

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് വിട്ടയച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 16ന്  ഹാജരാവാന്‍ ആവശ്യപ്പെട്ട്, ക്രിമിനല്‍ നടപടിച്ചട്ടം 41 പ്രകാരം ഇവര്‍ക്കു നോട്ടീസ് നല്‍കി.

ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയവരാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഓണ്‍ലൈന്‍ ഇടപാടില്‍ ബെംഗളൂരുവിലെ ഒരു സ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു പരാതി.നേരത്തെ വയനാട്, മലപ്പുറം സ്വദേശികളെ അവര്‍ അറസ്റ്റ്് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കുമ്പളങ്ങി സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍നിന്നാണ്  ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയത്. ഒരാളില്‍നിന്ന് ഒരു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് മൂന്നു ലക്ഷം രൂപയും കൈപ്പറ്റി. പണം വാങ്ങിയിട്ടും വിട്ടയയ്ക്കാതായപ്പോള്‍ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.

കൈക്കൂലി വാങ്ങിയ പണം അടക്കം ബംഗളൂരു പൊലീസിലെ സിഐ അടക്കം നാലുപേരെ പിന്തുടര്‍ന്നാണ് അങ്കമാലിക്കു സമീപം വച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പാണ് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം തടവു ശിക്ഷയില്‍ കുറവുള്ള കുറ്റങ്ങള്‍ക്ക് അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്. ഇവരില്‍നിന്നു പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും

കേസില്‍ നിന്ന് ഒഴിവാക്കാന്‍ കുമ്പളങ്ങി സ്വദേശികളോട് ആദ്യം 25 ലക്ഷം രൂപയാണ് സിഐ അടങ്ങുന്ന നാലംഗ സംഘം ചോദിച്ചത്. പിന്നീട് പത്തുലക്ഷം തന്നാല്‍ വിടാമെന്നായി. യുവാക്കളില്‍ ഒരാളില്‍ നിന്ന് ആദ്യം ഒരു ലക്ഷം വാങ്ങി. രണ്ടാമത്തെയാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തു. ഒടുവില്‍ ഒരു ലക്ഷം രൂപ തന്ന യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി കേരള പൊലീസിനെ സമീപിച്ചത്.


തുടര്‍ന്ന് കൊച്ചി കളമശ്ശേരി പൊലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി പിടികൂടുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories