പാലക്കാട്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്തിയിൽ കൂട്ടിമുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പല്ലശ്ശനയിൽ നടന്ന സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.
പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. ഇരുവരുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു.