സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെച്ചൊല്ലി ഇളകി മറിഞ്ഞ് നിയമസഭ. ആരോപണ പ്രത്യാരോപണങ്ങളും അവകാശ വാദങ്ങളുമായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിലയുറപ്പിച്ചതോടെ സഭ പ്രക്ഷുധമായി. കെ കെ രമയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നിയമസഭയിൽ ഇത്തവണയും മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ സമീപകാല അതിക്രമ സംഭവങ്ങളും കേസുകളിൽ ഇടതു പ്രവർത്തകരുടെ പങ്കാളിത്തവും എണ്ണിപ്പറഞ്ഞു കൊണ്ടാണ് കെ കെ രമ അടിയന്തര പ്രമേയ വിഷയം അവതരിപ്പിച്ചത്.
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്. കെ കെ രമ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾക്ക്, സമാന വിഷയങ്ങളിലെ പ്രതിപക്ഷ നിലപാട് ചോദ്യം ചെയ്ത് മന്ത്രിയുടെ മറുപടി.
അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ സഭാതലം ഇളകി മറിഞ്ഞു.അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ കെ രമ, മുഖ്യമന്ത്രിയോടായിരുന്നു ചോദ്യങ്ങൾ ഉന്നയിച്ചത്. നിയമസഭാ മന്ദിരത്തിലെത്തിയെങ്കിലും സഭയിൽ എത്താതെ മുഖ്യമന്ത്രി രമയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. കെ കെ രമയ്ക്ക് മറുപടി പറയുന്നതിൽ നിന്നും മുഖ്യമന്ത്രി മുമ്പും വിട്ടുനിന്നിട്ടുണ്ട്.