ന്യൂഡല്‍ഹി: സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗ വിവാഹങ്ങള്‍ക്കു നിയമസാധുതയില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ്, സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി.സ്വവര്‍ഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി മിനിറ്റുകള്‍ക്കകമാണ് ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ വിധി വന്നത്.
അവിവാഹിതകര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാം എന്നതിനാല്‍ സ്വവര്‍ഗ ദമ്പതിമാര്‍ക്കും അതിന് അവകാശമുണ്ടെന്ന് അഞ്ചംഗ ബെഞ്ചിനു നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പ്രത്യേകം വിധിന്യായത്തില്‍ പറഞ്ഞു. ജസ്റ്റിസ് എസ്‌കെ കൗള്‍ ഇതിനോടു യോജിച്ചെങ്കിലും മറ്റു മൂന്നുപേര്‍ വിയോജിക്കുകയായിരുന്നു. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് ദത്ത് എടുക്കാന്‍ അവകാശം ഇല്ലെന്ന് വിധിച്ചത്.
സ്വവര്‍ഗ ദമ്പതിമാര്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതിമാര്‍ക്ക് സംയുക്തമായി ഒരു കുട്ടിയെ ദത്തെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. അവിവാഹിതരേയും സ്വവര്‍ഗ ദമ്പതിമാരേയും ദത്തെടുക്കുന്നതില്‍ നിന്ന് വിലക്കുന്ന സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ സര്‍ക്കുലര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗളും ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തോട് യോജിപ്പറിയിച്ചു.
ഈ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് വളരാന്‍ സ്ഥിരതയുള്ള സാഹചര്യം
ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹിമ കോലിയും പി എസ് നരസിംഹയും രവീന്ദ്ര ഭട്ടിനോട് യോജിച്ചു.