മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം പിരിച്ചത് അസോസിയേഷന്റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ക്രൈം ബ്രാഞ്ച് ശരിവെച്ചു. മദ്യനയം മാറ്റാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖ തെറ്റിദ്ധാരണ മൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
പുതിയ ബാർക്കോഴ വിവാദത്തിൽ കോഴയില്ലെന്ന് കണ്ടെത്തി, അന്വേഷണ റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്.അത് പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പരാതി നൽകിയിരുന്നു.
തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണപ്പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിന്റെ വിശദീകരണം. ഇതേ കണ്ടെത്തലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്. അതേസമയം, ശബ്ദ സന്ദേശമയച്ച അനിമോൻ ശബ്ദം തന്റേതല്ലെന്ന് നിഷേധിച്ചിട്ടില്ല.
എന്നാൽ ബാറുമടകള്‍ക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും അതാണ് ശബ്ദരേഖ ചോർച്ചക്കു കാരണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മദ്യ നയമാറ്റത്തിന് പണപ്പരിവ് നടത്തിയതായി അസോസിയേഷൻ അംഗങ്ങളായ ബാറുടമകള്‍ മൊഴി നൽകിയതുമില്ല. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിൽ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ ഉപയോഗിക്കുന്ന മൈബൈൽ നമ്പർ, ബാറുടമകളുടെ ഗ്രൂപ്പിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അർജുനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പരിശോധനയിൽ ആ നമ്പർ ഉപയോഗിക്കുന്നത് അർജുന്റെ ഭാര്യാമാതാവാണെന്ന് കണ്ടെത്തി. ഭാര്യാപിതാവിന്റെ പേരിലുണ്ടായിരുന്ന ബാർ ലൈസൻസ് പിതാവിന്റെ മരണശേഷം അമ്മക്ക് കൈമാറുകയായിരുന്നു.
സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റേത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഈ മാസം 31ന് മുമ്പ് അന്വേഷണ സംഘം റിപ്പോർട്ട്, ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.