Share this Article
'ഓഫീസിൽ നിന്ന് വൈകിയാണ് ഇറങ്ങുന്നത്, നാളെ വൈകിയേ എത്തൂ'; ജൂനിയറിന്റെ മെസ്സേജ് സ്ക്രീൻഷോട്ടായി പോസ്റ്റിട്ട് യുവതി, വിമർശനം
വെബ് ടീം
posted on 14-11-2024
1 min read
job messege

വിശ്രമമില്ലാത്ത ജോലിയും ശമ്പളക്കുറവും തുടങ്ങി തൊഴിൽസ്ഥലങ്ങളിലെ പ്രശ്‍നങ്ങൾ ഇന്ന് രൂക്ഷമാണ്. എട്ട് മണിക്കൂർ എന്ന് പറഞ്ഞ് ജോയിൻ ചെയ്താലും ചിലപ്പോൾ പത്തും പന്ത്രണ്ടും മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാർക്ക് വലിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുവെന്നത് ശരിയാണ്. എന്നാൽ, ഇന്ന് പലരും ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറയാനും പ്രതികരിക്കാനും ഒക്കെ തയ്യാറാകാറുണ്ട്. ഇത് കേട്ട് കൂട്ടിയ മണിക്കൂറുകൾ തിരിച്ചു പഴപടിയാക്കി ജീവനക്കാരോട് ചേർന്ന് നിൽക്കുന്ന സീനിയർ ഉദ്യോഗസ്ഥരുള്ള മാനേജ്മെന്റ് വിഭാഗവും ചില കമ്പനികളിൽ ഉണ്ടെന്നത് പറയാതിരിക്കാനാവില്ല.

ജോലി കൂടുതൽ സമയം ചെയ്‌തെന്ന് അറിയിച്ചു പിറ്റേ ദിവസം കുറച്ചു വൈകിയേ എത്തുവെന്നു പറഞ്ഞ്  തന്റെ ജൂനിയറായ ഒരാൾ തനിക്കയച്ച മെസ്സേജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ഒരു യുവതി വലിയ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. 

അഡ്വ. ആയുഷി ദോഷിയാണ് തന്റെ എക്സ് അക്കൗണ്ടിൽ (ട്വിറ്റർ) തന്റെ ജൂനിയർ അയച്ചിരിക്കുന്ന മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. 'എൻ്റെ ജൂനിയർ എനിക്ക് ഇങ്ങനെ ഒരു മെസ്സേജ് അയച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നത്തെ കുട്ടികൾ മറ്റൊരു തരമാണ്. അവൻ വൈകിയാണ് പോയത്, അതിനാൽ ഓഫീസിൽ എത്താൻ വൈകുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്തൊരു നീക്കമാണിത്. എനിക്ക് ഒന്നും പറയാൻ പോലും സാധിക്കുന്നില്ല' എന്നായിരുന്നു ആയുഷി തന്റെ പോസ്റ്റിന്റെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. 

ജൂനിയർ ആയുഷിക്ക് അയച്ച മെസ്സേജിൽ പറയുന്നത്. താൻ വൈകിയാണ് ഓഫീസിൽ നിന്നും ഇറങ്ങുന്നത് എന്നാണ്. 'ഇപ്പോൾ 8.30 ആയി, ഇറങ്ങുന്നേയുള്ളൂ, അതുകൊണ്ട് നാളെ വൈകി 11.30 -നെ ഓഫീസിൽ എത്തൂ' എന്നും മെസ്സേജിൽ പറയുന്നു.

എന്നാൽ, ജൂനിയറിനെ കുറ്റപ്പെടുത്തിക്കൊണ്ട് ആയുഷി പങ്കുവച്ച സ്ക്രീൻഷോട്ട് വലിയ വിമർശനങ്ങൾക്കാണ് വഴി തെളിച്ചത്. 'വൈകി ഇറങ്ങുന്ന ഒരാൾക്ക് വൈകിയേ ജോലിക്ക് കയറാനും സാധിക്കൂ. അതാണ് ആരോ​ഗ്യപരമായ തൊഴിൽ സംസ്കാരം' എന്നാണ് പലരും കമന്റ് നൽകിയത്. 

എന്നാൽ, ആയുഷി അതിന് മറുപടി പറഞ്ഞത് സമയത്തിന് ഏൽപ്പിച്ച ജോലി പൂർത്തിയാക്കാൻ പറ്റാത്തതുകൊണ്ടാണ് അയാൾക്ക് ഓഫീസിൽ അധികനേരം ഇരിക്കേണ്ടി വന്നത് എന്നാണ്. എന്നാൽ, അതിനും വലിയ വിമർശനങ്ങൾ ആയുഷിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ഒരാൾക്ക് സമയത്തിന് പൂർത്തിയാക്കാൻ സാധിക്കാത്ത ജോലികളാണ് നിങ്ങൾ നൽകുന്നതെങ്കിൽ അത് നിങ്ങളുടെ കുഴപ്പം തന്നെ ആണ് എന്നായിരുന്നു വിമർശനം. 

പോസ്റ്റ് വൈറലായതോടെ ആയുഷി പോസ്റ്റ് ഇട്ടത്  ഇത്ര പൊല്ലാപ്പാവുമെന്ന് വിചാരിച്ചു കാണില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories