Share this Article
കെ സുധാകരനും വി ഡി സതീശനും ഡല്‍ഹിയിലേക്ക്‌
വെബ് ടീം
posted on 25-06-2023
1 min read
V D Satheesan And K Sudhakaran To Delhi

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുധാകരനും  ദില്ലിക്ക് പോകും. ഹൈക്കമാന്റിനു മുന്നിൽ മേന്‍സണ്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കുകയാണ് മുഖ്യലക്ഷ്യം.

 മേന്‍സണ്‍  മാവുങ്കലുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റിനും ജാമ്യത്തിനും തൊട്ടുപിന്നാലെയാണ് വിഡി സതീശനും കെ സുധാകരനും ഡൽഹിയിലേക്ക് പോകുന്നത്. കേസ് സംബന്ധമായ കാര്യങ്ങൾ വിശദീകരിക്കാനാണ് പോകുന്നത് എന്നാണ്  പറയുന്നത്.

എന്നാൽ നിലവിലെ കോൺഗ്രസിന്റെ സ്ഥിതിഗതികളും ചർച്ചയാകും. ബ്ലോക്ക് പ്രസിഡണ്ട് മാരുടെ തെരഞ്ഞെടുപ്പിൽ  എ ഐ ഗ്രൂപ്പുകൾ എടുത്ത സമീപനം മുഖ്യ ചർച്ച ആവാനും സാധ്യതയുണ്ട്. കേരളത്തിലെ നിലവിലെ കോൺഗ്രസിന്റെ അവസ്ഥ, കോൺഗ്രസ്സും ഘടകകക്ഷികളും നടത്തുന്ന സമരങ്ങൾ, കോൺഗ്രസ് നേതാക്കളെ തിരഞ്ഞുപിടിച്ച കേസിൽ കൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കമാന്റില്‍ അവതരിപ്പിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം.

കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാക്കൾ, രാഹുൽ ഗാന്ധി എന്നിവരെ കണ്ട് ചർച്ച നടത്തും. സുധാകരന്റെ അറസ്റ്റും ജാമ്യവും തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ എ ഗ്രൂപ്പിലെ മുതിർന്നവര്‍  എടുത്ത നിലപാട് സിപിഎം മുഖ്യ ആയുധമാക്കുന്നതും ഹൈക്കമാന്റിനെ ധരിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ സുധാകരന്റെ അറസ്റ്റിന്റെ പേരിൽ കാര്യമായി പ്രതികരിച്ചില്ല എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പരാതി. ഈ പരാതി ശരി വയ്ക്കുന്ന തരത്തിലാണ് സിപിഎമ്മിലെ മുതിർന്ന നേതാവ് നടത്തിയ പ്രസ്താവന.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്ന സാഹചര്യത്തിൽ ചില നേതാക്കൾ ഗ്രൂപ്പിന്റെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡണ്ടിനെയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്നാണ് ഇരുവിഭാഗം നേതാക്കളുടെ അനുയായികൾ പറയുന്നത്. അതേസമയം രണ്ടുദിവസം നീണ്ടുനിൽക്കുന്ന ദില്ലിയാത്രയിൽ കേസ് സമ്പന്തമായ  വിഷയങ്ങൾ അല്ലാതെ മറ്റൊന്നും ചർച്ച ചെയ്യില്ല എന്നാണ് നേതാക്കളുമായി അടുത്തു നിൽക്കുന്നവർ പറയുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ചർച്ച നടത്തുന്നതിനായി എഐസിസിയെ സമീപിച്ചു കഴിഞ്ഞു. അനുവദിക്കുകയാണെങ്കിൽ സോണിയ ഗാന്ധിയുമായി വിഷയങ്ങൾ ചർച്ച ചെയ്യും വരാൻ പോകുന്ന ഡിസിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും എഐസിസി ഭാരവാഹികളുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.

വരും നാളുകളിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.  എന്നാൽ എ ഐ ഗ്രൂപ്പ് നേതാക്കളുടെ മൗനം വളരെ ശ്രദ്ധയോടുകൂടിയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നോക്കിക്കാണുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories