ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍.
ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതല്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാന്‍ കൈമാറാന്‍ പാടില്ലെന്നും അങ്ങനെ കൊടുത്താല്‍ വാഹനം വാടകക്ക് നല്‍കിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പൊലീസിന്റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.