കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ബസ് ജീവനക്കാരും യാത്രികരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോഴിക്കോട് കായക്കൊടി കാവില്‍ സവാദ് (27) ആണ് പിടിയിലായത്.ചൊവ്വാഴ്ച ഉച്ചയോടെ തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ അത്താണിയില്‍ വെച്ചായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയും സിനിമാ പ്രവര്‍ത്തകയുമായ യുവതി ചിത്രീകരണത്തിനായി ഏറണാകുളത്തേക്ക് പോകുകയായിരുന്നു. സവാദ് അങ്കമാലിയില്‍ നിന്നാണ് ബസില്‍ കയറിയത്.
സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് യാത്രക്കാരികള്‍ക്ക് ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടയുടന്‍ യുവാവ് അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചു. ആദ്യം പ്രതികരിച്ചില്ലെങ്കിലും സവാദ് സ്വകാര്യ ഭാഗങ്ങള്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചതോടെ യുവതി ചാടിയെണീറ്റ് ബഹളം വെക്കാന്‍ ആരംഭിച്ചു.
ബഹളം ആരംഭിച്ചതോടെ സീറ്റില്‍ നിന്നും എഴുന്നേറ്റ സവാദ് അത്താണിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ നിന്നും ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഇറങ്ങിയ കണ്ടക്ടര്‍ പ്രതിയെ പിടികൂടിയെങ്കിലും കുതറിയോടി. ഇതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് സവാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താന്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചും തുറന്നു പറച്ചില്‍ നടത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ വൈറലാണ്.