രാഹുല്‍ഗാന്ധിയുടെ അയോഗ്യത സ്‌റ്റേ ചെയ്തതിന് പിന്നാലെ വിവിധ കോടതികളിലുള്ള അപകീര്‍ത്തി കേസുകള്‍ ഒറ്റ കോടതിയില്‍ തീര്‍പ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എത്രയും വേഗം ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് വര്‍ഷകാല സമ്മേളനത്തില്‍ തന്നെ രാഹുലിനെ സഭയിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ രാഹുല്‍ സഭയിലുണ്ടാവണമെന്നും കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടുന്നു. രാഹുലിന്റെ അയോഗ്യത നീക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്പീക്കറെ നേരില്‍ക്കണ്ട് കത്തുനല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസില്‍ രാഹുലിനു പരാമാവധി ശിക്ഷ നല്‍കാന്‍ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചായാരുന്നു നടപടി.