Share this Article
ഫോർബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ മലയാളി തിളക്കം; കേരളത്തിൽ എം എ യൂസഫലി ഒന്നാം സ്ഥാനത്ത്; ഇന്ത്യയിൽ അദാനിയെ പിന്തള്ളി അംബാനി
വെബ് ടീം
posted on 12-10-2023
1 min read
FORBES INDIA LIST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടിക ഫോർബ്‌സ് പുറത്തിറക്കി.കേരളത്തില്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 710 കോടി ഡോളറാണ് ആസ്തി. 540 കോടി ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരില്‍ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ 27-ാം സ്ഥാനത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ് (440 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ (370 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (325 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (320 കോടി ഡോളര്‍ ), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി (293 കോടി ഡോളര്‍ ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍. 

ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രണ്ടാം സ്ഥാനം അദാനിയ്ക്കാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് തലവന്‍ ശിവ് നാടാര്‍ (2930 കോടി ഡോളര്‍) ആണ് മൂന്നാം സ്ഥാനത്ത്. ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എമറിറ്റ്‌സ് സാവിത്രി ജിന്‍ഡാല്‍ (2400 കോടി ഡോളര്‍), ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉടമ രാധാകിഷന്‍ ദമാനി (2300 കോടി ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനാവാല, ഹിന്ദുജ കുടുംബം, ദിലീപ് സാങ് വി ( സണ്‍ ഫാര്‍മ്മ),കുമാര്‍ ബിര്‍ല ( ആദിത്യ ബിര്‍ല ഗ്രൂപ്പ്), ഷപ്പൂര്‍ മിസ്ത്രി ആന്റ് ഫാമിലി എന്നിവരാണ് ആദ്യ പത്തിലെ മറ്റു ധനികര്‍.

ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായത് ആർക്കൊക്കെ?

ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2023 അനുസരിച്ച്, 6.4 ബില്യൺ ഡോളറുമായി 32-ാം സ്ഥാനത്തുള്ള ഇന്ദർ ജയ്‌സിംഗാനിയാണ് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി ഏകദേശം ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഫാർമ രംഗത്തു പ്രവർത്തിക്കുന്ന സഹോദരന്മാരായ രമേശും രാജീവ് ജുനേജയും തങ്ങളുടെ മാൻകൈൻഡ് ഫാർമയുടെ മെയ് ലിസ്റ്റിംഗിൽ നിന്ന് 64 ശതമാനം വർദ്ധനവ് നേടി. ഇവർ 6.9 ബില്യൺ ഡോളറുമായി പട്ടികയിൽ 29-ാം സ്ഥാനത്തെത്തി.


പട്ടികയിലെ പുതുമുഖങ്ങൾ

പട്ടികയിൽ ഈ വർഷം മൂന്ന് പുതുമുഖങ്ങളാണുള്ളത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയ്‌ലിംഗ് ഭീമനായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ രേണുക ജഗ്തിയാനിയാണ് ഇതിൽ ഒരാൾ. ഇവരുടെ ഭർത്താവ് ഇക്കഴിഞ്ഞ മെയിൽ അന്തരിച്ചതിനെത്തുടർന്നാണ് രേണുക സ്ഥാനം ഏറ്റെടുത്തത്. സെപ്തംബറിൽ അന്തരിച്ച ഏഷ്യൻ പെയിന്റ്സിന്റ്സ് സഹസ്ഥാപകൻ അശ്വിൻ ഡാനിയുടെ അനന്തരാവകാശികളാണ് പട്ടികയിലെ രണ്ടാമത്തെ പുതുമുഖം. മൂന്നാമത്തേത് വസ്ത്ര കയറ്റുമതി രം​ഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമായ കെ.പി.ആർ. മിൽ സ്ഥാപകനും ചെയർമാനുമായ കെ.പി. രാമസാമിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories