മാതാപിതാക്കളോടൊപ്പം റോഡരികിൽനിന്ന നാലുവയസ്സുകാരി സ്കൂട്ടറിടിച്ചു മരിച്ചു. ഈരാറ്റുപേട്ട നടക്കൽ പുതുപ്പറമ്പ് ഫാസിലിന്റെയും ജിസാനയുടെയും മകൾ ഫൈഹ ഫാസിൽ ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ ആലപ്പുഴ കോൺവെൻറ് സ്ക്വയറിലായിരുന്നു അപകടം. നിർത്താതെ പോയ സ്കൂട്ടറിനായി പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കോൺവെന്റ് സ്ക്വയറിൽ ബന്ധുവിന്റെ വിവാഹനിശ്ചയച്ചടങ്ങിനെത്തിയവരെ യാത്രയാക്കാൻ മാതാപിതാക്കളോടൊപ്പം റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്കൂട്ടർ അപകടശേഷം നിർത്താതെ പോയി. രണ്ടുപേരാണു സ്കൂട്ടറിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ആറോടെ മരിച്ചു.
യഥാസമയം ചികിത്സ കിട്ടാതിരുന്നതാണ് കുട്ടി മരിക്കാനിടയായതെന്നു ബന്ധുക്കൾ ആരോപിച്ചു. കുട്ടിയെ പ്രധാന അത്യാഹിതവിഭാഗത്തിലാണ് ആദ്യമെത്തിച്ചത്. പിന്നീട് കുട്ടിയെ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: റിസാന