മോൺസൻ മാവുങ്കൽ പ്രതിയായ പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് നോട്ടീസ് അയച്ച് ഇ ഡി. ഈ മാസം 18 ന് ഹാജരാകാനാണ് നിർദ്ദേശം. ഐജി ലക്ഷ്മണക്കും മുൻ കമ്മീഷണർ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സുധാകരനൊപ്പം ഐജി ലക്ഷ്മണ നാളെയും മുൻ ഡിഐജി സുരേന്ദ്രൻ 16 നും ഹാജരാകണം.
അതേസമയം, സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി.
ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറയിച്ചതിനെ തുടർന്നായിരുന്നു ജാമ്യ ഹർജി തീർപ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ചികിത്സയിലായതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിട്ടുണ്ട്.