ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് കേസെടുത്തത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ഡയറക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി.
അനീഷ് -സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് ഗുരുതരല വൈകല്യം. ചെവിയും കണ്ണും വായയുമുള്ളത് യഥാര്‍ത്ഥ സ്ഥാനത്തല്ല. ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ജനനേന്ദ്രിയത്തിനും കൈകള്‍ക്കും കാലിനും വൈകല്യമുണ്ട്. കുട്ടിക്ക് കമഴ്ന്ന് മാത്രമെ കിടക്കാന്‍ സാധിക്കുള്ളൂ തുടങ്ങി ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. മലര്‍ത്തിക്കിടത്തിയാല്‍ കുഞ്ഞിന് നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. ഗര്‍ഭക്കാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല.