Share this Article
25 കിലോ സ്വര്‍ണവുമായി അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍
വെബ് ടീം
posted on 04-05-2024
1 min read
afghan-diplomat-caught-for-gold-smuggling-in-mumbai-airport

മുംബൈ: അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്വര്‍ണം കടത്തിയതിന് മുംബൈയില്‍ പിടിയിലായി. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) മുംബൈ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. പ്രതിയില്‍നിന്ന് 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.ഏപ്രില്‍ 25-ാം തീയതിയാണ് സ്വര്‍ണക്കടത്തിനിടെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ മുംബൈയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയും പരിശോധനയില്‍ സ്വര്‍ണം കണ്ടെടുക്കുകയുമായിരുന്നു.

ഏപ്രില്‍ 25-ന് വൈകിട്ട് 5.45-ഓടെ മകനോടൊപ്പമാണ് സാക്കിയ മുംബൈ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീൻ ചാനൽ  വഴിയാണ് പുറത്തുകടന്നത്. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് രണ്ടുപേരെയും ഡി.ആര്‍.ഐ. സംഘം തടഞ്ഞത്.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാന്‍ഡ് ബാഗും ഒരു സ്ലിങ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇരുവരുടേയും പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ സാക്കിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് നയതന്ത്ര ഉദ്യോഗസ്ഥ സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മകനെപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുത്തില്ല.

സ്വര്‍ണം കണ്ടെത്തിയതിന് പിന്നാലെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു രേഖകളും ഇവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വര്‍ണം പിടിച്ചെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ സംഭവത്തില്‍ സാക്കിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories