Share this Article
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
വെബ് ടീം
posted on 16-10-2024
1 min read
adm

തിരുവന്തപുരം:  എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു. പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.നവംബര്‍ 19-ന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ഈ കേസ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് വി.ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ച സമീപനം നിയമവിരുദ്ധമായിരുന്നെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും നല്‍കണമെന്നും ദേവദാസിന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഏതോ മാനസികവിഷമത്തില്‍ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ സംഭവം നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യാത്രയയ്പ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തന്‍ എന്ന സംരഭകന് പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം. സംഭവത്തില്‍ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം പരാതി നല്‍കി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories